Ind disable

കവിത



പഴുത്തിലകള്‍

ചുട്ടുപൊള്ളുന്ന മണ്ണിലേക്ക്
പലപൂക്കളും വാടി വീണ് കരിഞ്ഞ-
പ്പോഴാണ് ഞാന്‍ മൊട്ടായി
വിരിഞ്ഞത് !
അവരുടെ ചിന്തകളിലൂടെയാണ് ‍ ഞാന്‍
ചിന്തയാരംഭിച്ചത്.
അവരുടെ കാലടി പിന്‍തുടര്‍ന്നാണു
ഞാന്‍ യാത്ര തുടങ്ങിയത്.
പച്ചിലകള്‍ക്കു വഴിമാറിക്കൊടുത്ത ത്യാഗികളായ
പഴുത്തിലകള്‍ വീണു ജീര്‍ണിച്ച മണ്ണില്‍
നിന്നാണു ഞാന്‍ വളമൂറ്റിയത്
അവള്‍ തന്ന സഹനത്തിന്റെയും ശാന്തിയുടെയും
വിത്തു മുളപ്പിച്ചാണു ഞാന്‍ കൊയ്ത്തു നടത്തിയത്.
അവരൊഴുക്കിയ ധീരതയുടെ ചുവന്ന നീരുറവ -
കളാണെനിക്ക് ലഹരി പകര്‍ന്നത്.
കഥകളുടെ വാലുപിടിച്ചാണു ഞാന്‍ ലോകമെന്ത -
ന്നറി‍ഞ്ഞത് !
അവരുണര്‍ന്നില്ലായിരുന്നെങ്കില്‍ ചരിത്രമുറങ്ങിയേനെ
പൂഴിമണലിലവരുടെ കാല്പാടുകള്‍ കണ്ടില്ലായിരുന്നെങ്കില്‍
ഞാന്‍ പിച്ചവയ്ക്കാനാവാതെ കാല്‍ കുഴഞ്ഞു വീണേനെ -
തിരമാലകളവരുടെ ഓര്‍മകളെ വിഴുങ്ങാനെത്തി -
യപ്പോഴേക്കും
ചരിത്രമെഴുതിയ അവരുടെ തൂലികയില്‍ നിന്നുതിര്‍ന്നു
വീണ മഷിത്തുള്ളികളെന്റെ സിരകളിലേക്ക് പടര്‍ന്നു കഴിഞ്ഞിരുന്നു.



മറ്റു രചനകള്‍ക്കായി അല്പം കാത്തിരിക്കൂ...................