Ind disable

Wednesday, July 21, 2010

കഥ


                     ദേവൂന്റെ മാവ്,
                                 അല്ല......
                     ന്റെ മുത്തശ്ശന്റെ.........?


                അന്നൊരു വൈകുന്നേരം സ്ക്കൂള്‍ വിടാനായി പ്രാര്‍ഥിച്ചിരിക്കുകയായിരുന്നു ദേവു. ബെല്ലിന്റെ മുഴക്കം തീരും മുമ്പേ അവള്‍ ഇറങ്ങിയോടി. എത്രയും പെട്ടന്ന് വീട്ടിലെത്തണം. അതുമാത്രമായിരുന്നു അവളുടെ ചിന്ത. കൈയ്യിലൊരു മാവിന്‍ തൈയ്യുമുണ്ട്. അതിനെ കൈയ്യിലൊതുക്കിപ്പിടിച്ചിരുന്നു.

               വഴിയിലെ തണല്‍മാവിനെ വെറുതെയൊന്നു നോക്കിയപ്പോള്‍ അവളുടെ ഓര്‍മ്മച്ചെപ്പ് താനേ തുറന്നു. രണ്ടുവര്‍ഷം മുമ്പുള്ള ഒരു സ്ക്കൂള്‍ ദിവസം കണ്‍മുമ്പില്‍ തെളിഞ്ഞു. “ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാനൊരു സമ്മാനം തരാം. അതിനെ സൂക്ഷിച്ചു വളര്‍ത്തണം ട്ടോ ….”. അച്യുതന്‍ മാഷ് പറഞ്ഞു നിര്‍ത്തിയതും കുട്ടികള്‍ ക്യൂവായതും ഒരുമിച്ചായിരുന്നു. ദേവു ഒന്നും മനസ്സിലാകാതെ ക്യൂവിന്റെ അവസാനം കയറി നിന്നു. അവസാനത്തെ തൈ അവളുടെ കൈയ്യില്‍ കൊടുത്തിട്ട് മാഷ് പറഞ്ഞു. “ വേപ്പിന്‍തൈയ്യാട്ടോ. നന്നായി നോക്കണം. നീ മിടുക്കിയല്ലേ ?” വേപ്പിന്‍ തൈ......! അതിലേക്കു നോക്കിയിട്ട് അവള്‍ പെട്ടന്ന് പറഞ്ഞു " ഇതു വാടിയിരിക്കുണു.” അവളുടെ പരിഭവം മാഷ് കേട്ടതായി തോന്നിയില്ല. അവള്‍ക്ക് സങ്കടമായി. മറ്റുള്ളവര്‍ക്കെല്ലാം ഈട്ടി, തേക്ക് തുടങ്ങിയ നല്ല മരങ്ങള്‍ നിയ്ക്കു മാത്രം …..........!വാടിയ മുഖവുമായി വീട്ടില്‍ചെന്നു കയറിയപ്പോള്‍ ഉമ്മറത്തു മുത്തശ്ശനുണ്ടായിരുന്നു.അവളെനോക്കി ചിരിച്ചുകൊണ്ട് മുത്തശ്ശന്‍ പറഞ്ഞു.”ന്താന്റെ ദേവൂട്ടിയ്ക്കു പറ്റിയേ.......?കടന്നലോ മറ്റോ കുത്തിയോ....?”അവള്‍ക്ക് ദേഷ്യം വന്നു.മുത്തശ്ശന്‍ തുടര്‍ന്നു. ”ങാ ന്താ കുട്ടീന്റെ കൈയില്. ങ്ഹാ വേപ്പല്ലേത് ?ത്ര കാലായി ഒരു വേപ്പിന്‍തൈ വാങ്ങണംന്ന് നിരീച്ചിട്ട്.ത് നിയ്ക്കാ...?”ദേവൂന് സമനില തെറ്റി."ങും ഒരു കുശലാന്വേഷണം " വേപ്പിന്‍തൈ വലിച്ചെറിഞ്ഞ് അവള്‍ അമര്‍ത്തിചവിട്ടി അകത്തേയ്ക്ക് കയറിപ്പോയി.കുളിയും ചായകുടിയും കഴിഞ്ഞ് ഉമ്മറത്തെത്തിയപ്പോ അവിടെ മുത്തശ്ശനില്ല.തൊടിയിലേക്കു നടന്നു. അതാ മുത്തശ്ശന്‍ വേപ്പു നട്ടിരിക്കുന്നു.”ന്തിനാ മുത്തശ്ശാ ഇതു നട്ടേ...ഇത് വാടിയിരിക്കണില്ലേ? ല്ലാര്‍ക്കും നല്ല മരാ കിട്ടിയേ നിയ്ക്കു മാത്രം …..........! മുത്തശ്ശന്‍ ചിരിച്ചുകൊണ്ട്പറഞ്ഞു.”ദേവൂ.. ന്തായി നല്ലമരോന്ന്ച്ചാ...”.അവള്‍ കുഴങ്ങി. മുത്തശ്ശനങ്ങനെയാണ്. പ്രകൃതിയോടാണ് ഏറെയിഷ്ടം.അതും ഇക്കാലത്തെ .... തൊടിയിലൊക്കെ ഒരുവിധം മരങ്ങള്‍ നട്ടിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണിതൊക്കെ എന്നുചോദിക്കുന്നവരോട് കുറെ വേദാന്തോം.റിട്ടയേര്‍ഡ് വാധ്യാരല്ലേ, അതാവും... തലയ്ക്കൊരുകിഴുക്കുകിട്ടിയപ്പോ ദേവു ചിന്തയില്‍നിന്നുണര്‍ന്നു. "ന്തായി ചിന്തിക്കണേ,ന്റെ ദേവൂ..ഇപ്പഴത്തെ പിള്ളാര്‍ക്ക് മണ്ണെന്താന്നോ,മണ്ണിന്റെ മണെന്താന്നോ അറിയില്ല.നീ ഈ പ്രകൃതിയിലേക്കൊന്നുനോക്കിയേ...മനസ്സ് ശുദ്ധാവും...”ഇത് എന്നത്തെയും പോലെള്ള വേദാന്തല്ല.കുറച്ചൊക്കെ ശരിംണ്ട് എന്ന് ദേവൂന് തോന്നി.പതുക്കെ അവളും പ്രകൃതിയോടടുത്തു.മണ്ണിലിറങ്ങാന്‍ അറപ്പായിരുന്ന അവള്‍ക്ക് മണ്ണേശരണമെന്നായി!സ്കൂളുവിട്ടാ തൊടി,തൊടികഴിഞ്ഞാ സ്കൂള് എന്നായി അവളുടെ ദിനചര്യ.അവള്‍ മണ്ണിനെ സ്നേഹിച്ചു.പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അവളുടെ തോഴരായി.
           ഒരു ദിവസം അവള്‍ മുത്തശ്ശന്റെയടുത്ത് ഓടി വന്നു പറഞ്ഞു.”മുത്തശ്ശാ ന്റെ വേപ്പിനേയ് നാലില കൂടി വന്നിരിക്കണു.”മുത്തശ്ശന് സന്തോഷായി.”ആണോ വാ നോക്കാം.“അവര്‍ വേപ്പിനെ തലോടി.ദേവു കൊഞ്ചി. "മുത്തശ്ശാ മ്മടെ വേപ്പിനൊരു പേരിടേണ്ടെ?” “വേണ്ട മോളെ”വാല്‍സല്യപൂര്‍വ്വം അവളുടെ മുടിയില്‍ തലോടികൊണ്ടു മുത്തശ്ശന്‍ തുടര്‍ന്നു. ”പ്രകൃതിയുടെ സന്തതിയാണവര്‍. പ്രകൃതി അവര്‍ക്കു പേരിട്ടിട്ടില്ല. പിന്നെ വേപ്പെന്നൊരു പേര് നമ്മളതിന് കൊടിത്തിട്ടുണ്ടല്ലൊ, അതുമതി. അതാവും ഇവര്‍ക്കുംഷ്ടം. അല്ലാതെ ഇന്നത്തെ ഫാഷന്‍ പേരുകള്‍ ആര്‍ക്കുവേണം?ഇനി വേണോങ്കി ദേവൂന്റെ വേപ്പ് എന്നു വിളിക്കാം.” ദേവൂന്റെ വാടിയ മുഖം ശ്രദ്ധിച്ച മുത്തശ്ശന്‍ ഒരു കള്ളചിരിയോടെ അവസാനിപ്പിച്ചു.
           പെട്ടെന്ന് ദേവു ഞെട്ടിയുണര്‍ന്നു.ദൈവമേ വീടെത്താറായല്ലോ, അവള്‍ നടത്തത്തിനു വേഗം കൂട്ടി.പക്ഷെ അപ്പോഴും മാവിന്‍തൈ മാറോടണച്ചിരുന്നു. വീട്ടിലെത്തിയതും പുസ്തകസഞ്ചി വലിച്ചെറിഞ്ഞ് മാവിന്‍തൈയുമെടുത്ത് തൊടിയിലേക്കവള്‍ നടന്നു.
         “എവിടേയ്കാ ഈ പെണ്ണ് പോണത്?ദേവൂ...ദേവൂ..”അമ്മ നീട്ടിവിളിച്ചു. "അമ്മേ ഞാനീതൈ മുത്തശ്ശനെ കാട്ടിയിട്ടു വരാം.”ദേവുവിന്റെ വാക്കുകള്‍ കേട്ട അമ്മ പിന്നെയവളെ തടഞ്ഞില്ല.
വിറയ്ക്കുന്ന കാലുകളുമായി അവള്‍ തെക്കേതൊടിയിലേക്കു നടന്നു. “മുത്തശ്ശാ..”സ്നേഹത്തോടെ അവള്‍ നീട്ടിവിളിച്ചു. “മുത്തശ്ശാ മ്മടെ വേപ്പിനൊരു കൂട്ടിനെ കൂടികിട്ടീട്ടോ..ഒരസ്സല്‍ മാവിന്‍തൈ!ഇതാ നോക്കൂ..”ദേവു ആ മാവിന്‍തൈ കല്ലറയോടടുപ്പിച്ചു. “ഇത് ഞാന്‍ നടാമ്പോവ്വാ ന്താ സമ്മതല്ലേ ?”പെട്ടെന്ന് ഒരു ഇളംകാറ്റ് അവളെ തലോടി കടന്നുപോയി. “അപ്പോ സമ്മതിച്ചൂലേ, ഇനി ഇതിനൊരു പേരിടാം.ദേവൂന്റെ മാവ് ,ന്താ?”പിന്നെ ഇടറുന്ന തൊണ്ടയുമായി അവള്‍ പറഞ്ഞു. “ദേവൂന്റെ മാവ് ,അല്ല ന്റെ മുത്തശ്ശന്റെ............”
അപ്പോള്‍ വാടാന്‍ തുടങ്ങിയ മാവിന്‍തൈയ്യില്‍ രണ്ടുതുള്ളി കണ്ണീര്‍ പതിച്ചു. വിതുമ്പികൊണ്ടവള്‍ പറഞ്ഞു. "ല്ല ന്റെ മുത്തശ്ശന്‍ മരിച്ചിട്ടില്ല.”പെട്ടെന്ന് വീശിയ ഇളംകാറ്റില്‍ തൊടിയിളകി,അകലെ ഏതോ രാപ്പക്ഷി മൂളുന്നുണ്ടായിരുന്നു................!